Wy/ml/തിരുവനന്തപുരം

< Wy‎ | ml
Wy > ml > തിരുവനന്തപുരം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം. (ഇംഗ്ലീഷ്:Thiruvananthapuram). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും

മനസ്സിലാക്കാൻ

edit

വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേർ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌.

ചരിത്രം

edit

തിരുവനന്തപുരം നഗരത്തിന്റെ അതിപുരാതനമായ കച്ചവട ചരിത്രം ക്രി.മു 1000-ആം ആണ്ടിലേക്ക് പോകുന്നു. കേരളത്തിലെ മറ്റ് നഗരങ്ങൾ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത്. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു.

പ്രാചീന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. ക്രി.വ. 10-ആം നൂറ്റാണ്ടിൽ ഭരണം വേണാട് രാജവംശത്തിന്റെ കീഴിൽ വന്നു. 1684 ൽ ഉമയമ്മ റാണിയുടെ കാലത്താണ്‌ തിരുവനന്തപുരത്തുനിന്നും 32 കിലോ മീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌. തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് 1729-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാ‍ധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്. സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം(1834), നക്ഷത്രനിരീക്ഷണാലയം (1837) എന്നിവ നിർമ്മിച്ചത്. ആയില്യം തിരുനാളിന്റെ കാലഘട്ടത്തിൽ ജനറൽ ആശുപത്രി (1839), ഓറിയന്റൽ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കലാലയം, ആയുർവ്വേദ കോളേജ്, ലോ കോളേജ്, എന്നിവ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്.

നവോത്ഥാന സന്ദേശങ്ങളുടെ അലകൾ മുസ്ളിങ്ങളുടെ ഇടയിലും എത്തിച്ചേർന്നിരുന്നു. വക്കം അബ്ദുൾഖാദർ മൗലവിയാണ് ഇതിനു മുൻകൈയെടുത്തത്. സമുദായാംഗങ്ങൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുവാൻ 'ഇസ്ലാം ധർമപരിപാലനസംഘം', 'ജമാഅത് ഉൽ ഇർഷാദ്' എന്നിങ്ങനെ രണ്ട് സംഘടനകൾക്ക് മൗലവി ജന്മം നല്കി. മുസ്ളിങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. തത്ഫലമായി 1914-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ മുസ്ളിം എജ്യൂക്കേഷൻ ഇൻസ്പെക്ടർ, ഖുർ ആൻ അദ്ധ്യാപകൻ, അറബി മുൻഷി എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകൻ വക്കം മൗലവി ആയിരുന്നു.

1931-ൽ അധികാരം ഏറ്റെടുത്ത ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്. പിന്നീട് കേരള സർവ്വകലാശാല എന്നു പുനർ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂർ സർവ്വകലാശാല ഈ കാലത്താണ് (1937) സ്ഥാപിച്ചത്. 1947-ൽ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഇന്ത്യൻ‍ യൂണിയനിൽ ചേരാൻ തീരുമാനിച്ചു.

1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു. 1949ൽ- തിരു-കൊച്ചി സം‌യോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സം‌യോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻ‍കോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു. 1956 നവംബർ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.

സമയമേഖല

edit

ഔദ്യോഗിക ഇന്ത്യൻ സമയം (UTC+05:30)

ഭൂപ്രകൃതി

edit

ഇന്ത്യയുടെ തെക്കേ മുനമ്പിൽ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 8.5° N 76.9° E ആണ്. സഹ്യപർവ്വത നിരകൾക്കും അറബിക്കടലിനും ഇടയിലായി സ്ഥിതിചെയ്യുന്ന തിരുവനന്തപുരം സമുദ്രനിരപ്പിൽ ഉള്ള സ്ഥലമാണ്. ഭൂമിശാസ്ത്രപരമായി ഉൾനാട്, തീരപ്രദേശം എന്നിങ്ങനെ രണ്ടായി ഈ പ്രദേശത്തെ വിഭജിക്കാം. ചെറുകുന്നുകളും, താഴ്വാരങ്ങളും ചേർന്നതാണ് ഉൾനാട്. കടൽ തീരവും, പുഴകളും മറ്റും അടങ്ങുന്നതാണ് തീരപ്രദേശം. തിരുവനന്തപുരം ജില്ലയിലെതന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി തടാകം നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്. കരമനയാ‍റും കിള്ളിയാറും നഗരത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകളാണ്. നഗരത്തിന്റെ കിഴക്കുഭാഗത്ത് മലമ്പ്രദേശം ഉണ്ട്. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യകൂടം ആണ്. നഗരത്തിനു സമീപത്തുള്ള രണ്ട് പ്രധാന ഹിൽ റിസോർട്ടുകൾ ആണ് പൊൻമുടിയും മുക്കുന്നിമലയും.

കാലാവസ്ഥ

edit

ഉഷ്ണമേഖല പ്രദേശത്തുള്ള സ്ഥലം ആയതിനാൽ വ്യത്യസ്ത ഋതുക്കൾ ഇവിടെ അനുഭവപ്പെടാറില്ല. ശരാശരി ഉയർന്ന താപനില 34 °C ആണ് . കൂറഞ്ഞത് 21 °C ഉം. വായുവിലെ ഈർപ്പം താരതമ്യേന ഉയർന്ന ഇവിടെ മഴക്കാലത്ത് അത് 90% വരെ ആകുന്നു. തെക്ക്-കിഴക്ക് മൺസൂണിന്റെ പാതയിൽ കിടക്കുന്ന ആദ്യത്തെ നഗരമായ തിരുവനന്തപുരത്ത് മൺസൂൺ ആദ്യം തന്നെ മഴ തുടങ്ങും. ഒരു വർഷം ഏതാണ്ട് 1700 mm മഴ ലഭിക്കുന്ന ഇവിടെ ഒക്ടോബർ മാസത്തിൽ വടക്ക്-കിഴക്ക് മൺസൂൺ മൂലവും മഴപെയ്യുന്നു. ഡിസംബർ മാസത്തോടെ വരണ്ട കാലാവസ്ഥ തുടങ്ങുന്ന ഇവിടെ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ഏറ്റവും തണുപ്പുള്ളതായിരിക്കും. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ ഏറ്റവും ചൂടുള്ളവയും. ശരത്കാലത്ത് താപനില 20 °C വരെ താഴാറുള്ള ഇവിടെ അത് വേനൽക്കാലത്ത് 35 °C വരെ ഉയർന്ന് പോകുന്നു


കാലാവസ്ഥാ പട്ടിക
ജനു ഫെബ് മാർച്ച് ഏപ്രിൽ മേയ് ജൂൺ ജൂലൈ ഓഗസ്റ്റ് സെപ് ഒക്ട് നവ ഡിസം
പ്രതിദിന കൂടിയ താപനില (°C) 31 31 32 32 31 29 28 28 29 29 29 30
പ്രതിദിന താപനില (°C) 27 27 28 29 28 26 26 26 27 26 26 27
പ്രതിദിന കുറഞ്ഞ താപനില (°C) 22 23 25 26 25 24 23 23 23 23 23 23
ശരാശരി മഴ (സെ.മീ) 2 2 4 11 20 33 20 12 13 26 17 6
Source: Weatherbase

സംസ്കാരം

edit

തിരുവനന്തപുരത്തിന് തനതായ ഒരു സാംസ്കാരിക പശ്ചാത്തലം ഉണ്ട്. പുറമേ നിന്നു നോക്കുന്നവർക്ക് തിരുവനന്തപുരം ഒരു ശാന്തമായ അന്തരീക്ഷമാണ് കാട്ടുന്നതെങ്കിലും, ഉള്ളിൽ സാംസ്കാരിക പ്രവർത്തനങ്ങളുടെ ധ്വനി പ്രകടമാണ്. വിദേശികളും മറുനാട്ടുകാരും, തിരുവനന്തപുരം വാസികളെ ‘ട്രിവാൻഡ്രമൈറ്റ്’ എന്ന് വിളിക്കാറുണ്ട്. എന്നിരുന്നാലും ആ നാമം പ്രചുര പ്രചാരം നേടിയിട്ടില്ല.


ഓണം നാളുകളിലും, അത് കഴിഞ്ഞുള്ള വിദേശ സഞ്ചാര സീസണിലും തിരുവനന്തപുരം അതിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. തിരുവനന്തപുരത്തെ മറ്റ് പ്രധാന ഉത്സവങ്ങൾ ആറ്റുകാൽ പൊങ്കാല, പുഷ്പ ഫല മേള, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, ബീമാപള്ളി ഉറൂസ്, വെട്ടുകാട് പള്ളി പെരുനാൾ എന്നിവയാണ്. കിഴക്കേകോട്ടയിലെ സി.വി.എൻ കളരി, കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്നതിൽ വിശ്വപ്രസിദ്ധമാണ്. മാർഗ്ഗി കേന്ദ്രം കഥകളി പഠിപ്പിക്കുന്നതിലും പ്രശസ്തമാണ്.

രാഷ്ട്രീയം

edit

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നഗരത്തിൽ വളരെ സജീവമായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷം വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു.

തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയസിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം.

കലകൾ

edit

സാമ്പത്തികം

edit

മുൻ‌കാലങ്ങളിൽ തിരുവനന്തപുരം നഗരത്തിന്റെ സാമ്പത്തികാവസ്ഥ സേവന മേഖലയെ കേന്ദ്രീകരിച്ചായിരുന്നു. മൊത്തം തൊഴിൽ സംരംഭങ്ങളുടെ 60% വരുന്ന സർക്കാർ ജീവനക്കാർ ഇതിനൊരു കാരണമായിരുന്നു.

തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് സംഭാവനകൾ നൽകുന്ന ഒരു പ്രധാന തൊഴിൽ രംഗമാണ് ടൂറിസം. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം. അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്.


1995-ൽ ടെക്‌നോ പാർക്ക് സ്ഥാപിതമായതു മുതൽ തിരുവനന്തപുരം ലോകനിലവാരത്തിലുള്ള ഒരു വിവരസാങ്കേതിക തൊഴിൽ കേന്ദ്രമായി വളരാൻ തുടങ്ങി.വിവര സാങ്കേതിക വിദ്യ/വിവര സാങ്കേതിക അനുബന്ധസേവനങ്ങൾ എന്നിവയിലെ ഏറ്റവും മികച്ച രണ്ടാം-വിഭാഗ-മെട്രോ നഗരമായി തിരുവനന്തപുരം വിലയിരുത്തപ്പെട്ടിട്ടുണ്ട്

വസ്ത്രധാരണം

edit

എത്തിച്ചേരാൻ

edit

കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലേയ്ക്കും; ചെന്നൈ, ബംഗലുരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ദീർഘദൂര ബസ്സുകൾ സർവ്വീസ് നടത്തുന്ന ഒരു സ്ഥലമാണ് തിരുവനന്തപുരം. ഇന്ത്യയുടെ പല ഭാഗത്തു നിന്നും ട്രയിൻ, വിമാന യാത്രകൾ തിരുവനന്തപുരത്തേയ്ക്ക് ലഭ്യമാണ്

വിമാനമാർഗ്ഗം

edit

തിരുവനന്തപുരം നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. സൈനികാവശ്യത്തിനായുള്ള രണ്ട്‌ വിമാനത്താവളങ്ങളും - (ഒന്നു അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യൻ വ്യോമസേനയുടെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും)- ഉണ്ട്‌. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, സിംഗപ്പൂർ, മാലിദ്വീപ് , ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വീമാന സർവീസുകൾ ഉണ്ട്‌.

സ്ഥിരമായുള്ള ഷെഡ്യൂൾഡ്‌ സർവീസുകൾക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ എയർ വേയ്സ്‌, ലണ്ടൻ ഗാറ്റ്‌വിക്ക്‌, മൊണാർക്ക്‌ മുതലായ ചാർട്ടേർഡ്‌ സർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌.

കടൽമാർഗ്ഗം

edit

നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം തുറമുഖം വഴി കപ്പൽ മാർഗ്ഗവും തിരുവനന്തപുരത്ത് എത്താം.

റോഡു മാർഗ്ഗം

edit

പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേകോട്ടയിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി ഡിപ്പോ, ആറ്റിങ്ങൽ, പാപ്പനംകോട്‌,നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിൻകര, പൂവാർ, പാറശ്ശാല എന്നീ ഒൻപത് ഡിപ്പോകളിൽ നിന്നും വെള്ളറട, പേരൂർക്കട, കിളിമാനൂർ, വികാസ് ഭവൻ, കാട്ടാക്കട, വെള്ളനാട്, വെഞ്ഞാറമൂട് എന്നീ സബ് ഡിപ്പോകളിൽ നിന്നും പാലോട്, ആര്യനാട്, വിതുര എന്നീ ഓപ്പറേറ്റിങ്ങ് ഡിപ്പോകളിൽ നിന്നുമായി കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നു.

തീവണ്ടി മാർഗ്ഗം

edit

തിരുവനന്തപുരം ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രധാന നഗരങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ തമ്പാനൂരിൽ (വിമാനത്താവളത്തിൽ നിന്ന് 8 കി.മീ. അകലെയായി) സ്ഥിതിചെയ്യുന്നു. ദിനം പ്രതി അമ്പതോളം തീവണ്ടികൾ പുറപ്പെടുന്ന ഒരു പ്രധാന സ്റ്റേഷൻ ആണ്‌ ഇത്‌. ഈ ജില്ലയിലൂടെ റെയിൽ പാത ഏകദേശം 80 കി.മീ. ൽ 20 സ്റ്റേഷനുകളുമായി സർവ്വീസ് നടത്തുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ ബഹുദൂര തീവണ്ടിയായ കന്യാകുമാരി- ജമ്മു താവി സർവീസിലെ തെക്കുനിന്നുള്ള ഒന്നാമത്തെ പ്രധാന സ്റ്റോപ്പ്‌ ആണ്‌ തിരുവനന്തപുരം. 2005 ൽ വിമാനത്താവളത്തിനടുത്ത് കൊച്ചുവേളിയിൽ ഒരു ചെറിയ അനുബന്ധ സ്റ്റേഷൻ കൂടി തുറക്കുകയുണ്ടായി. കൊച്ചുവേളിയെ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പ്രധാന സബ് സ്റ്റേഷനായി മാറ്റാനുള്ള നവീകരണ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നു.‍

താമസം

edit

ചെറുതും വലുതുമായി അനേകം ലോഡ്ജുകളും ഹോട്ടലുകളും റിസോർട്ടുകളും തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ഉണ്ട്. നഗരത്തിനുള്ളിൽ ചെറിയ/ഇടത്തരം വലിയ ഹോട്ടലുകൾ ഉണ്ട്. റിസോർട്ടുകൾ കൂടുതലായി ഉള്ളത്, കോവളം, വിഴിഞ്ഞം , ചൊവ്വര, പൂവാർ, വർക്കല എന്നീ പ്രദേശങ്ങളിലാണ്.

ഭക്ഷണവിഭവങ്ങൾ

edit

അരി വേവിച്ചുണ്ടാക്കുന്ന ചോറും അരിയുപയോഗിച്ചുണ്ടാക്കുന്ന അപ്പം, പുട്ട്, ഇഡലി, ദോശ മുതലായവയുമാണ് കേരളത്തിലെ ഭക്ഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്. വിവിധതരം പച്ച‌ക്കറികൾ ചേർത്ത് നിർമ്മിക്കുന്ന കറികളും കേരളത്തിൽ പ്രചാരത്തിലുണ്ട്. നിറയെ തേങ്ങയും സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത കേരളീയ പാചകരീതിയാണ് ഇവിടെയും ഉള്ളത് എങ്കിലും, ചെട്ടിനാടൻ, പാണ്ടിനാടൻ, ചൈനീസ്, വടക്കേ ഇന്ത്യൻ, കോണ്ടിനെന്റൽ തുടങ്ങി എല്ലാ പാചകരീതികളും ഇവിടെ സുലഭമാണ്. സായംകാലങ്ങളിലെ തട്ടുകടകൾ ഭക്ഷണ പ്രിയരായ എല്ലാവർക്കും ഒരു നല്ല അനുഭവം തന്നെയായിരിക്കും.

സസ്യാഹാരം

edit

സസ്യാഹാരത്തിൽ പ്രധാനമായും വരുന്നത് സദ്യയെ ആണ്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ഓണം, വിഷു ഉത്സവങ്ങൾ, വിവാഹം, പിറന്നാൾ, നാമകരണം, ശ്രാദ്ധം തുടങ്ങി ഏതെങ്കിലും വിശേഷാവസരവുമായി ബന്ധപ്പെട്ടാണ് സാധാരണയായി സദ്യ ഉണ്ടാവുക.

തിരുവനന്തപുരം ജില്ലയിലെ സദ്യ പതിനഞ്ചുകൂട്ടം കറികൾ ഉള്ളതാണ്‌. ഇതാണ്‌ യഥാർത്ഥത്തിൽ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. ആയ് രാജ്യത്തിന്റെ സംഭാവനയാണ് എന്ന് നാട്ടാചാരങ്ങൾ കൊണ്ട് ഊഹിക്കപ്പെടുന്നു. പഴയ ആയ്‌രാജ്യം തിരുനെൽ‍‌വേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാൽ സദ്യയിൽ തമിഴ്‌നാടിന്റെ സ്വാധീനം ഉണ്ട്. ഈ ജില്ലയിൽ തൊടുകറികൾ ഒരിക്കൽ മാത്രവും മറ്റു കറികൾ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാൽ കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.


സദ്യയേക്കൂടാതെ പ്രാതൽ/ ലഘു വിഭവങ്ങളായ അപ്പം, പുട്ട്, ഇടിയപ്പം, ദോശ, ഉപ്പുമാവ്, ഇഡ്ഡലി, കഞ്ഞി എന്നിവയും ലഭ്യമാണ്.

മാംസാഹാരം

edit

ഇതിൽ പ്രധാനമായും വരുന്നത് ബിരിയാണിയാണ്. പ്രധാനമായും ചിക്കൻ, മട്ടൻ, മുട്ട എന്നീ ബിരിയാണികളാണ്‌ ഉള്ളത്. സസ്യേതര ബിരിയാണിയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം കോഴി, ആട്, മാട്, മീൻ (പ്രധാനമായും കൊഞ്ച്), എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ മാംസമാണ് ചേർക്കുന്നത്. പൂർണ്ണസസ്യ ബിരിയാണികളും കിട്ടുന്നുണ്ട്.

പഴങ്ങൾ

edit

ഭക്ഷണശാലകൾ

edit

ചുറ്റിക്കാണാൻ

edit

തിരുവനന്തപുരം നഗരത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലും ജില്ലയുടെ പലഭാഗത്തുമായി അനേകം വിനോദസഞ്ചാരകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു.

അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ

edit
 • കോവളം ബീച്ച് -ലോകമെങ്ങും പ്രശസ്തിയാർജ്ജിച്ച കോവളം കടൽ തീരം. തിരകൾ വളരെ കുറവാണ്‌ എന്നതാണിവിടുത്തെ പ്രത്യേകത. തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. കോവളം ലൈറ്റ് ഹൗസ്, ഹാൽസിയൻ കൊട്ടാരം എന്നിവ കോവളത്തെ പ്രശസ്തമായ മറ്റുസ്ഥലങ്ങളാണ്‌.
 • വേളി - നഗര പ്രാന്തത്തിലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌. ഇവിടം വേളി ടൂറിസ്റ്റ് വില്ലേജ് എന്നാണ്‌ അറിയപ്പെടുന്നത്. അറബിക്കടലും വേളികായലും ചേരുന്ന സ്ഥലമാണ്‌. മഴമൂലം വേളി കായലിൽ വെള്ളം കൂടുമ്പോൾ കടലും കായലും തമ്മിൽ വേർതിരിച്ചിരിക്കുന്ന മണൽതിട്ട(പൊഴി) മുറിയുകയും കായൽ ജലം കടലിലേക്ക് ഒഴുകുകയും ചെയ്യും. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളിസ്ഥലവും ഒരു സസ്യോദ്യാനവും സ്ഥിതിചെയ്യുന്നു. കൂടാതെ വേളി കായലിൽ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.
 • ആക്കുളം - നഗരാതിർത്തിക്കുള്ളിൽ ദക്ഷിണവ്യോമസേനാ താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ ആക്കുളം. ഇവിടെ ബോട്ട് സവാരി നടത്തുന്നുണ്ട്. കൂടാതെ നീന്തൽക്കുളം, അക്വേറിയം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സ്ഥിതിചെയ്യുന്നു.
 • പൂവാർ - ഈ ഗ്രാമത്തിലെ മനോഹരമാ‍യ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.തിരുവനന്തപുരം നഗരത്തിന് 18 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. പ്രകൃതിരമണീയവുമായ ഈ ഗ്രാമത്തിൽ ഒരു ഫ്ലോട്ടിംഗ് റിസോർട്ടുമുണ്ട്.
 • കിളിമാനൂർ - തിരുവനന്തപുരം നഗരത്തിൽ നിന്നും 36 കിലോമീറ്റർ വടക്കു മാറി കിളിമാനൂര് സ്ഥിതി ചെയ്യുന്നു. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മ ജനിച്ചത് കിളിമാനൂർ കൊട്ടാരത്തിലാണ്.
 • ശംഖുമുഖം ബീച്ച്-തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ്‌ ശംഖുമുഖം കടൽ ത്തീരം. ഇവിടത്തെ പ്രധാന ആകർഷണം കാനായി കുഞ്ഞിരാമൻ പണിത മത്സ്യകന്യകയുടെ ശില്പമാണ്‌. കൂടാതെ ചെറിയ ഒരു ഉദ്യാനവും സ്ഥിതിചെയ്യുന്നു. ശംഖുമുഖത്തിന്‌ അല്പം അകലെയായി വലിയതുറയിൽ ഒരു കടൽപാലവും സ്ഥിതിചെയ്യുന്നു.
 
വലിയതുറ പാലം
 • നെയ്യാർ അണക്കെട്ട് നഗരത്തിൽ നിന്ന് 32 കി.മീ അകലെയാണ്‌. ചെറിയ വന്യമൃഗസംരക്ഷണകേന്ദ്രവും ഉദ്യാനവും അണക്കെട്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. കൂടാതെ ഒരു 'ലയൺ സഫാരി' - മാൻ പാർക്കും; ലോകപ്രശസ്തൻ 'സ്റ്റീവ് ഇർവി'ന്റെ പേരിൽ ഒരു ചീങ്കണ്ടി പരിപാലനകേന്ദ്രവും ഉണ്ട്.
 • ബോണക്കാട് 'തേയില'ത്തോട്ടങ്ങളാണ് കൂടുതലും കാണപ്പെടുന്നത്. പൊന്മുടിയേപ്പൊലെ സമുദ്രനിരപ്പിൽ നിന്നും ഉയർന്ന പ്രദേശം കൂടിയാണിത്.
 • വിഴിഞ്ഞം പ്രകൃതിദത്ത തുറമുഖം എന്നുവിശേഷിപ്പിക്കാവുന്ന ഇവിടെ സമുദ്രമത്സ്യങ്ങളുടെ ഒരു 'അക്വേറിയ'വും സ്ഥിതിചെയ്യുന്നു.

പൈതൃകകേന്ദ്രങ്ങൾ

edit
 • വർക്കല ക്ലിഫ് - തിരുവനന്തപുരം നഗരത്തിൽ നിന്നും 46 കിലോമീറ്റർ വടക്കു മാറി വർക്കല സ്ഥിതി ചെയ്യുന്നു. . ശിവഗിരി തീർത്ഥാടന കേന്ദ്രവും വർക്കലയിൽ ഉണ്ട്.

മ്യൂസിയങ്ങൾ / പാർക്കുകൾ

edit
 • മൃഗശാല- ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളെ സ്വാഭാവിക ചുറ്റുപാടിൽ സം‌രക്ഷിച്ചിരിക്കുന്നത് പ്രത്യേകതയാണ്‌.
 • നേപ്പിയർ മ്യൂസിയം സർക്കാർ കലാ പ്രദർശനാലയം (മ്യൂസിയം)- മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തിൽ സർക്കാർ പഴയ കാലങ്ങളിലേയുള്ള അപൂർവ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദർശനത്തിനായി വച്ചിരിക്കുന്നു.
 
നേപ്പിയർ മ്യൂസിയം

ആരാധനാലയങ്ങൾ

edit
 • പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്.
 • അരുവിക്കര തീർത്ഥാടന കേന്ദ്രം.
 • ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം.
 • പഴവങ്ങാടി ഗണപതി ക്ഷേത്രം. കിഴക്കേകോട്ടയ്ക്ക് അടുത്ത് പഴവങ്ങാടി എന്ന സ്ഥലത്ത് നിലനിൽക്കുന്നു. ഇന്ത്യൻ ആർമി നടത്തി വരുന്ന ഒരു ക്ഷേത്രമാണിത്
 • ആറ്റുകാൽ ഭഗവതി ക്ഷേത്രം. പ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഈ ക്ഷേത്രത്തിലെ ഉത്സവമാണ്.
 • തിരുവല്ലം പരശുരാമ ക്ഷേത്രം. ബലിചടങ്ങുകൾക്ക് പ്രശസ്തം.
 • പാളയം സെന്റ് ജോർജ് കത്തീഡ്രൽ
 • പാളയം ജുമാ മസ്ജിദ്

ഉത്സവങ്ങൾ

edit

ഓണം വാരാഘോഷം, ഫെബ്രുവരി മാസം പകുതിയോടുകൂടി ആരംഭിച്ച് ഏപ്രിൽ പകുതിയോടെ തീരുന്ന ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ക്ഷേത്രോത്സവങ്ങൾക്ക് പുറമേ, വെട്ടുകാട് മാദ്രെ തെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ, ബീമാപള്ളി ഉറൂസ് എന്നിവയും പ്രധാനപ്പെട്ട ഉത്സവങ്ങളാണ്.

വാഹനങ്ങൾ

edit

നഗരത്തിനകത്ത്‌ സിറ്റി ബസ്സുകളും ഓട്ടോറിക്ഷകളും ടാക്സി കാറുകളും പോക്കുവരവിനു സഹായിക്കുന്നു. ആളുകൾ സൈക്കിളുകൾ, മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, കാറുകൾ മുതലായവയും ഉപയോഗിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സി. യെയാണ്‌ നഗരത്തിനകത്തേക്ക് പൊതുഗതാഗതത്തിനായി ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്‌. എണ്ണത്തിൽ കുറവെങ്കിലും സ്വകാര്യ ബസ്സുകളും നഗരത്തിനുള്ളിൽ മാത്രം സർവീസ്‌ നടത്തുന്നുണ്ട്‌.


വാങ്ങുവാൻ

edit

ആശുപത്രികൾ

edit

ശ്രീ ചിത്ര, ആർ.സി.സി തുടങ്ങിയ പ്രശസ്ത സർക്കാർ ആശുപത്രികളും കിംസ്, എസ്.യൂ.ടി., കോസ്മോ, ജീ.ജീ., അനന്തപുരി തുടങ്ങിയ പ്രശസ്തമായ സ്വകാര്യ ആധുനിക ചികിത്സാ കേന്ദ്രങ്ങളും തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്. ബീച്ച് റിസോർട്ടുകൾ, മലയോര സുഖവാസ കേന്ദ്രങ്ങൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു.

അവശ്യഘട്ടത്തിൽ ബന്ധപ്പെടാൻ

edit

പോലീസ്

edit

മറ്റുള്ളവ

edit

ബന്ധപ്പെടലുകൾ

edit

ഫോൺ

edit

+91 471 ആണ് തിരുവനന്തപുരത്തെ ടെലഫോൺ ആക്സസ് കോഡ്.

 1. വിനോദസഞ്ചാര സേവന കേന്ദ്രം, വിനോദസഞ്ചാരവകുപ്പ്, പാർക്ക് വ്യൂ ഫോൺ:+91 471 2321132
 2. ടൂറിസ്റ്റ് വിവര കേന്ദ്രം, റെയിൽ‌വേ സ്റ്റേഷൻ, തമ്പാനൂർ ഫോൺ:+91 471 2334470
 3. ടൂറിസ്റ്റ് വിവര കേന്ദ്രം, ആഭ്യന്തര വിമാനത്താവളം ഫോൺ:+91 471 2501085
 4. ടൂറിസ്റ്റ് വിവര കേന്ദ്രം, അന്താരാഷ്ട്ര വിമാനത്താവളം ഫോൺ:+91 471 2502298
 5. വിനോദസഞ്ചാര സേവന കേന്ദ്രം, കോവളം - ഫോൺ:+91 471 2480085
 6. ടൂറിസ്റ്റ് റിസപ്ഷൻ സെന്റർ (കെ ടി ഡി സി), തമ്പാനൂർ ഫോൺ:+91 471 2330031
 7. സെൻട്രൽ റിസർവേഷൻസ് (കെ ടി ഡി സി), ഹോട്ടൽ മാസ്കോട്ട് ഫോൺ:+91 471 2316736
 8. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി ടി പി സി), വെള്ളയമ്പലം ഫോൺ:+91 471 2315397 ഫാക്സ്: 2313606,

ഇന്റർനെറ്റ്

edit

മറ്റ് അറിഞ്ഞിരിക്കേണ്ടവ

edit
  ഭാഗമായത്: Wy/ml/കേരളം