Wy/ml/വെള്ളിയാംകല്ല്

< Wy‎ | ml
Wy > ml > വെള്ളിയാംകല്ല്

മയ്യഴിക്കാരുടെ വിശ്വാസത്തിൽ ജനിമൃതികൾക്കിടയിൽ ആത്മാക്കളുടെ വിശ്രാന്തിസ്ഥാനം എന്ന് എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ വിവരിക്കുന്ന സ്ഥലമാണ് വെള്ളിയാംകല്ല്. കടലിൽ മയ്യഴിക്കടപ്പുറത്ത് നിന്നും കാണാവുന്ന ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തിക്കോടി(16 കിലോമീറ്റർ), പയ്യോളി(13 കിലോമീറ്റർ) എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഈ കല്ലിലേക്ക് ഏറ്റവും എളുപ്പം ചെന്നു ചേരാനാവുക. ഇതിനോടും ഇതിൻറെ അനുബന്ധ പാറക്കൂട്ടങ്ങളിലും കല്ലുമ്മക്കായ (കടുക്ക) എന്ന് വിളിക്കുന്ന പുറംതോടുള്ള കടൽ മത്സ്യം (shell fish) വളരുന്നു. സാഹസികരായ അന്യദേശക്കാരും വല്ലപ്പോഴും ചില ടൂറിസ്റ്റുകളും തോണിയിൽ പോയി ഇതിൻറെ മുകളിൽ കയറാൻ പോകാറുണ്ട്.

മനസ്സിലാക്കാന്‍ edit

വിശ്വാസം edit

മയ്യഴിയിലെ മുക്കുവരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിനു് പ്രധാനപ്പെട്ട സ്ഥാനമുണ്ടു്. മയ്യഴിയിലെ കുരുംബാ ഭഗവതിക്ഷേത്രങ്ങളിലെ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്നും എത്തിയതാണെന്നു് അവരുടെ ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു. വളവിൽ ഭഗവതീക്ഷേത്രം, പാറക്കൽ കുരുംബ ഭഗവതീക്ഷേത്രം, മൂന്നുകുറ്റി പരദേവതാക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ടാണു് ഐതിഹ്യം പ്രചാരത്തിലുള്ളതു്. കടലിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ വെള്ളിയാംകല്ലിനെ വലംവെച്ചു് പോകേണ്ടി വരുന്ന സന്ദർഭത്തിൽ മുക്കുവർ പ്രാർത്ഥനാപൂർവ്വം അർച്ചന നല്കുക പതിവാണു്. വെള്ളിയാംകല്ലിനു ചുറ്റും വലിയ മത്സ്യങ്ങളുടെ താവളമാണു്. ശരീരശുദ്ധിയില്ലാതെ കല്ലിൽ പ്രവേശിക്കരുതെന്നും മുക്കുവർ വിശ്വസിക്കുന്നു.

സാഹിത്യത്തില്‍ edit

എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലൂടെയാണു് വെള്ളിയാംകല്ല് മലയാളസാഹിത്യത്തിൽ ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നതു്. കൊറുമ്പിയമ്മ ദാസന് പറഞ്ഞു കൊടുക്കുന്ന കഥകളിൽ ഒന്നായാണു് വെള്ളിയാംകല്ല് കടന്നു വരുന്നതു്. മയ്യഴിക്കാരുടെ ആത്മാക്കൾ ജനനത്തിനു മുമ്പും മരണത്തിനു ശേഷവും വെള്ളിയാങ്കല്ലിലാണു് ഉണ്ടായിരിക്കുക എന്നു് കൊറുമ്പിയമ്മ പറഞ്ഞു കൊടുക്കുന്നു. മയ്യഴിക്കടപ്പുറത്തു നിന്നും കടൽ ശാന്തമായ പകൽ നേരത്തു് കടലിൽ ഘനീഭവിച്ച കണ്ണുനീർത്തുള്ളിപോലെ വെള്ളിയാങ്കല്ല് കാണപ്പെടും എന്നും നോവലിൽ പറയുന്നു. ചന്ദ്രികയുടെ മരണത്തിനു ശേഷം ദാസൻ കടൽപ്പുറത്തു് വെള്ളിയാങ്കല്ലിൽ മിഴിനട്ടു് ഇരിക്കുന്നതായും നോവലിൽ ചിത്രീകരിച്ചിട്ടുണ്ടു്. മയ്യഴിയിൽ പ്രചാരത്തിലുള്ള ഒരു പുരാവൃത്തം എന്ന നിലയിലാണു് വെള്ളിയാങ്കല്ലിനെ മുകുന്ദൻ നോവലിൽ അവതരിപ്പിച്ചിട്ടുള്ളതു്.

ചരിത്രപരമായ പ്രാധാന്യം edit

പോർച്ചുഗീസുകാർക്കെതിരെ പടനയിച്ച സാമൂതിരിയുടെ നാവികസേന കടലിലെ ഒരു താവളമായി വെള്ളിയാങ്കല്ല് ഉപയോഗിച്ചിരുന്നു. കോഴിക്കോട്ട് തുറമുഖത്തിൽ നങ്കൂരമിട്ട പറങ്കിക്കപ്പലുകളെ ആക്രമിക്കുവാൻ ഇത് കുഞ്ഞാലിമരക്കാർക്കും പടയാളികൾക്കും സൌകര്യപ്രദമായിരുന്നു. കല്ലിൽ പീരങ്കിയുണ്ടകളേറ്റ പാടുകൾ ഉണ്ടെന്നു് അവിടം സന്ദർശിച്ചവർ രേഖപ്പെടുത്തിയിട്ടുണ്ടു്

  ഭാഗമായത്: Wy/ml/മയ്യഴി