Wy/ml/കൂടൽമാണിക്യം ക്ഷേത്രം

< Wy | ml
Wy > ml > കൂടൽമാണിക്യം ക്ഷേത്രം

ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.

കൂടൽമാണിക്യം ക്ഷേത്രവിശാല വീക്ഷണം'
കൂടൽമാണിക്യം ക്ഷേത്രവിശാല വീക്ഷണം'

മനസ്സിലാക്കാന്‍

edit

പേരിനു പിന്നില്‍

edit

ഈ ക്ഷേത്രത്തിൻറെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം. ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു. കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ബുദ്ധമതവും ജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.

 
കൊടിമരം-ഉത്സവവേളയിൽ

ഐതിഹ്യം

edit

ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും( തൃപ്രയാർ ശ്രീരാമക്ഷേത്രം),കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും( തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (പായമ്മൽ ശത്രുഘ്ന ക്ഷേത്രം)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം.

ചരിത്രം

edit
 
കിഴക്കെ നട
  • ആദ്യകാല ചരിത്രം: ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തൻ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്‌. അതിനു അധികം പഴക്കമില്ല. അതിനുശേഷമുള്ള ഗ്രന്ഥവരികൾ മനോധർമ്മം പോലെ എഴുതിച്ചേർത്തതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്‌ എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.
  • ജൈനസങ്കേതം: കുറെകാലം ഈ ക്ഷേത്രം ജൈനമതാരാധനാലയമായി തീർന്നു. ജൈനമത തീർത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്. കാലക്രമേണ ജൈനമത കേന്ദ്രങ്ങൾ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ജൈനമതത്തിൻറെയും വൈഷ്ണവവിശ്വാസത്തിന്റെയും ചിന്താധാരകൾ ഇവിടെ സമന്വയിപ്പിച്ച് കൊണ്ട് ഭരതേശ്വരന്റെ സ്ഥാനത്ത് രാമായണത്തിലെ ഭരതനെ അവരോധിച്ച് രണ്ട് വിഭാഗത്തിൻറെയും താല്പര്യങ്ങൾ സംരക്ഷിച്ചതാണ് എന്ന വാദം ഇവിടെ നിലനിൽക്കുന്നു.
  • ചേര സാമ്രാജ്യത്തിൽ: ഒൻപതും പത്തും ശതകങ്ങളിൽ അനേക ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തിൽ അന്നത്തെ ചക്രവർത്തി സ്ഥാപിച്ചതാണ് കൂടൽമാണിക്യക്ഷേത്രം. ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവർഷം 30 ൽ ചേരമാൻപെരുമാൾ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ എ.ഡി.500-ൽ ഇരിങ്ങാലക്കുടയിൽ ജനവാസവും എ.ഡി.650-ൽ ക്ഷേത്രസ്ഥാപനവും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം.
  • തഞ്ചാവൂർ ശിലാശാസനത്തിൽ: കുലോത്തുംഗചോളന്റെ എ.ഡി.1194 ലെ തഞ്ചാവൂർ ശിലാശാസനത്തിൽ ജൈനക്ഷേത്രത്തെ “ചേദികുല മാണിക്യ പെരുമ്പള്ളി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.
  • ബ്രാഹ്മണ മേധാവിത്വം: ഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭായോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടൽമാണിക്യം. ഇവരിൽ ഒൻപത് പേരാണ് ഊരാളന്മാർ. ഇതിൽ ഒരു സ്ഥാനം കൊച്ചിരാജാവിനുമുണ്ടായിരുന്നു. യോഗക്കാരും ഊരാളന്മാരും തമ്മിൽ തർക്കമുണ്ടായപ്പോൾ ഊരാളന്മാരുടെ മണ്ഡപത്തിൽ കയറാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തിൽ കല്ലിട്ടതെന്നും പുരാവൃത്തമുണ്ട്. ഇതിനെ തുടർന്ന് അന്തർജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ വിലക്കുണ്ടായിരുന്നെന്നു പറയുന്നു. ഭരതൻ എന്ന ആദ്യ മൂർത്തി നഗ്നനായിരുന്നതു കൊണ്ടായിരുന്നു എന്നും അഭിപ്രായമുണ്ട്.

ഉണ്ണായിവാര്യരും സംഗമേശനും

edit

നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിൻറെ ജനനം. ദേവനു മാലക്കെട്ടൽ അകത്തൂട്ട് വാരിയത്തെക്കായതിനാൽ ബാല്യകാലം മുതൽ ഭഗവാനെ സേവിക്കാൻ ഉണ്ണായിവര്യർക്ക് സാധിച്ചു. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങൾകൊണ്ട് മാലകെട്ടി സംഗമേശൻ സമർപ്പിച്ചിരുന്ന അദ്ദേഹത്തിനു സ്തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാൻ സമർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിൻറെ ഫലമാണ് സ്തോത്രകാവ്യമായ “ശ്രീരാമപഞ്ചശതി”. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്കൊണ്ട്,അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്തോത്രകാവ്യമാണിത്.

പ്രത്യേകതകൾ

edit
 

ക്ഷേത്രചരിത്രം പരിശോധിച്ചാൽ കേരള ചരിത്രത്തിന്റെ മാറ്റങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയായി പരിലസിക്കുന്നു ഈ ക്ഷേത്രം എന്നു മനസ്സിലാക്കാം. രാജശാസനകൾ കൊത്തിവയ്ക്കാൻ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 8-ആം നൂറ്റാണ്ടിലേയും 12-ആം നൂറ്റാണ്ടിലേയും ഓരോ ശിലാശാസനകൾ ഈ ക്ഷേത്രത്തിൽ ഇന്നും കാണാം. ഇതു രണ്ടും ശ്രീകോവിലിന്റെ വടക്ക് വശത്ത് അകത്തെ പ്രദക്ഷിണവഴിയിൽ കിടന്നിരുന്നു. ഭക്തന്മാർ ചവുട്ടിനടന്നതിനാൽ ചില അക്ഷരങ്ങൾക്ക് തേയ്മാനം വന്നുപോയതുകൊണ്ട് ഇരുപത് കൊല്ലത്തിനു മുമ്പ് പടിഞ്ഞാറേ ചുമരിൽ ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.

സാധാരണ മഹാക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി തുടങ്ങിയ ഉപദേവന്മാരും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ എല്ലാ സേവയും സംഗമേശ്വരനു മാത്രമേ ചെയ്യാറുള്ളു. എന്നാൽ വാതിൽമാടത്തിൽ തെക്കും വടക്കും ഓരോ തൂണുകളിൽ ദുർഗ്ഗയും ഭദ്രകാളിയും ഉണ്ട്. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നും ഇല്ല.

സാധാരണ മറ്റ് ക്ഷേത്രങ്ങളിൽ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി,കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.

കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു. കൂടൽമാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്‌. ശ്വാസസംബന്ധമായ രോഗത്തിൻറെ നിവാരണത്തിനായി ക്ഷേത്രതീർത്ഥത്തിൽ മീനൂട്ട് എന്ന വഴിപാടു നടത്തുന്നത് ശ്രേഷഠമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ നടത്തുന്ന പുത്തരിനിവേദ്യത്തിൻറെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാൽ ഒരു വർഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.

വഴിപാടുകളിൽ ഏറ്റവും പ്രധാനമായ താമരമാല ചാർത്തൽ വർഷക്കാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ നടത്താറുണ്ട്.

പ്രതിഷ്ഠ

edit
 
ഗണപതി-ആൽമരം

മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം.

നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.

കുളം

edit
 
കുലീപനീ തിർത്ഥം

ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷി ഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു. ഇത് കുട്ടൻ എന്ന ദ്രാവിഡ (ബുദ്ധ)ദേവനുമായി ബന്ധപ്പെട്ടപേരാണ്‌. ക്ഷേത്രം ആദിയിൽ ദ്രാവിഡക്ഷേത്രമായിരുന്നതിനുള്ള തെളിവുകളിലൊന്നാണ്‌ ഇത്.

ഉത്സവം

edit

മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.

തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.

 
ചാലക്കുടി, കൂടപ്പുഴയിലെ ആറാട്ടുകടവ്

രാവിലെയും രാത്രിയും 9 മണിമുതൽ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ആൽത്തറയിലാണ്‌ പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആൽത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാൽ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാൽ വെടിക്കെട്ടും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം പൂർത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കൽ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്‌.

 
വിളക്കിനെഴുന്നള്ളത്ത്

ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. 3 മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി ‘മാതൃക്കൽ തൊഴൽ‘ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാൽ ‘ശ്രീരാമപട്ടാഭിഷേകം‘ കഥകളി അറങ്ങേറുന്നു. ഇരിങ്ങാലക്കുടക്കാർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദിനങ്ങളാൺ ഉത്സവനാളുകൾ.

ഉത്സവ പ്രദക്ഷിണം

edit

പതിനേഴ് ആനകളാണ് ഉത്സവ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പേകുന്നു. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിർമ്മിച്ചതാണ്‌. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങൾ വെള്ളികൊണ്ടും നിർമ്മിച്ചതാണ്‌. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.

പള്ളിവേട്ട

edit

ഇത് ഒരു പ്രതീകാത്മകമായ നായാട്ട് ആണ്‌. കൂടൽ സന്നിധിയിൽ നിന്ന് കുറച്ച് അകലെ പാതയുടെ മദ്ധ്യഭാഗത്തായുള്ള ആല്‌ത്തറക്കൽ സ്വാമിയുടെ തിടമ്പ് വാദ്യാഘോഷങ്ങളൊന്നുമില്ലാതെ എഴുന്നള്ളിയെത്തുന്നു. അവിടെ തയ്യാറാക്കി നിർത്തിയിരിക്കുന്ന പന്നിയുടെ രൂപത്തിലേക്ക് ഒരു ശാന്തി അമ്പെയ്ത് കൊള്ളിക്കുന്നു. ഇതിനുശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവുമായി തിരിച്ച് പോവുന്നു. കിഴക്കേ നടയിലെ കുട്ടൻ കുളത്തിന്റെ കിഴക്കേ കരയിൽ വച്ച് പഞ്ചവാദ്യം കലാശിക്കും. പിന്നെ പാണ്ടി കൊട്ടി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. നാടിന്റെ രക്ഷകനായ ഭഗവാൻ ദുഷ്ടനിഗ്രഹത്തിനിറങ്ങുന്നതായാണ്‌ സങ്കല്പം.

വഴിപാടുകൾ

edit

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ: താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവിൽ നിവേദ്യം, നെയ് വിളക്ക്, വെടി വഴിപാട് എന്നിവയാണ്‌. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ്‌ കളഭം. ക്ഷേത്രത്തിൽ 41 ദിവസം തുടർച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്ക്കരമാണ്‌. കൂട്ട്പായസം സവിശേഷമാണ്‌. നാലിടങ്ങഴി അരികൊണ്ടുള്ള വെള്ള നിവേദ്യവും മുഖ്യമാണ്‌. പാല്പായസം, അപ്പം, നെയ്പായസം,ത്രിമധുരം,തുലാഭാരം എന്നിങ്ങനെ വിവിധതരത്തിലുള്ള വഴിപാടുകൾ വേറെയുണ്ട്.

  • മീനൂട്ട്

ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ മീനൂട്ട് എന്ന വഴിപാട് ഉള്ളു. ഏറ്റവും പ്രാധാന്യം തൃപ്രയാറിലാണെങ്കിലും ഇവിടെയും പ്രധാനപ്പെട്ട വഴിപാടാണ്‌. ഇവിടത്തെ മത്സ്യങ്ങൾ ദേവാംശങ്ങളായതിനാൽ ഇവരെ തൃപ്തിപെടുത്തുന്നത് ദൈവികമായ ഒരു കാര്യമാണെന്ന വിശ്വാസമുണ്ട്. കാര്യസാദ്ധ്യത്തിനും സന്താനലാഭത്തിനും മീനൂട്ട് വളരെ പ്രധാനമാണ്‌. ദ്രാവിഡക്ഷേത്രമായിരുന്ന കാലത്തെ മത്സ്യാരാധനയുടെ ബാക്കി പത്രമായും ഇതിനെ കരുതാം.

  • താമരമാല

അമ്പലവാസികൾക്ക് താമരമാലയ്ക്ക് പുത്തൻ കൊടുക്കുക എന്നത് പ്രധാനമാണ്‌. താമരമാല സ്വാമിക്ക് വളരെ ഇഷ്ഠമാണ്‌. പ്രതിബന്ധമുള്ള ഏത് കാര്യവും മാലയ്ക്കു മൂന്ന് പുത്തൻ ഉഴിഞ്ഞ് വച്ചാൽ ഉദ്ദേശിച്ച കാര്യം സഫലമായി തീരുമെന്നാൺ ജനങ്ങളുടെ വിശ്വാസം. വർഷകാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ ഈ വഴിപാട് കഴിച്ചാൽ മഴ പെയ്യില്ല എന്നും വിശ്വാസം ഉണ്ട്.

വിശേഷ ദിവസങ്ങൾ

edit

പ്രതിഷ്ഠാദിനം
മകരമാസം പുണർതം നാളിലാണ്‌.

തിരുവുത്സവം-മേടം
മേടമാസം ഉത്രം നാൾ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന 11 ദിവസത്തെ ക്ഷേത്രോത്സവമാണ്‌ പ്രധാന തിരുവാണ്ട് വിശേഷം. അംഗുലീയാങ്കം കൂത്തും പ്രബന്ധവും-ഇടവം
ഇടവമാസത്തിൽ തൃക്കേട്ട നാൾ മുതൽ 29 ദിവസം രാമായണം പ്രബന്ധവും അതിനു ശേഷം 12 ദിവസം അംഗൊലീയാങ്കവും ക്ഷേത്രത്തിൽ വർഷങ്ങളായി നടത്തിവരുന്നു.

രാമായണമാസം-കർക്കിടകം
കർക്കിടകമാസത്തിൽ രാമായണപാരായണത്തോടെ മാസം ആചരിക്കുന്നു. കർക്കിടകമാസം അത്തം ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിക്കുന്നു. ക്ഷേത്രത്തിൽ നിന്നും കതിരുകൾ വീടുകളിൽ കൊണ്ടുവന്ന് പത്തായത്തിൽ സൂക്ഷിക്കുന്നു.

മുക്കുടി നിവേദ്യം-തുലാം
തുലാമാസം ഉത്രാടം നാൾ തണ്ടികകളിലായി പുന്നെല്ല്, നേന്ത്രക്കുല, പച്ചക്കറി മുതലായവ ക്ഷേത്രത്തിൻറെ അധീനതയിലുള്ള പോട്ടക്കച്ചേരിയിൽ നിന്നും കൊണ്ടുവരുന്നു. ഈ വിഭവങ്ങൾ കൊണ്ട് ഭഗവാൻ പുത്തരി നിവേദ്യം ഒരുക്കി അത് കഴിഞ്ഞ് ഭക്തജനങ്ങൾക്ക് പുത്തരിസദ്യ നടത്തുന്നു. പിറ്റേന്ന് കുട്ടഞ്ചേരി മൂസ്സ് പ്രത്യേകം തയ്യാറാക്കുന്ന മുക്കിടി നിവേദ്യം ക്ഷേത്രത്തിൽ തൊഴാനെത്തുന്നവർക്ക് നൽകുന്നു.

മണ്ഡലക്കാലം-വൃശ്ചികം, ധനു
വൃശ്ചികമാസത്തിൽ ഒരു മണ്ഡലക്കാലം മുഴുവൻ ക്ഷേത്രത്തിൽ നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കും.

പൊഞ്ഞനം ഭഗവതി ആറാട്ട്-കുംഭം
കുംഭമാസം പുണർതം നാൾ കുലീപിനി തീർത്ഥത്തിൽ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടക്കുന്നു.

യജുർവേദ ലക്ഷാർച്ചന-ധനു
ധനുമാസം 1 മുതൽ 7 വരെ ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചന നടക്കുന്നു.

വിനായക ചതുർത്ഥി-കന്നി
വിനായക ചതുർത്ഥിനാൾ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള ആലിൻ ചുവട്ടിലെ ഗണപതിക്ക് പ്രത്യേക പൂജകൾ നടത്താറുണ്ട്.

എത്തിച്ചേരാനുള്ള വഴി

edit