Wy/ml/കാസർഗോഡ്

< Wy | ml
Wy > ml > കാസർഗോഡ്

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാസറഗോഡിലെ സംസാരഭാഷയിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കിൽനിന്നാണ്‌ കാസറഗോഡ്‌ എന്ന പേരു ലഭിച്ചതെന്നു കരുതുന്നു. അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാം.

കാസർഗോഡ്

മനസ്സിലാക്കാൻ

edit

ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ഹർക്‌വില്ലിയ(Harkwillia)എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംബള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ പുതനകാലത്ത് ഇക്കേരി നായ്‌ക്കൻ‌മാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി . കുംബള, ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകൾ ശിവപ്പ നായ്‌ക്ക് നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു. 1763-ൽ ഹൈദർ അലി ഇക്കേരി നായ്‌ക്കൻ‌മാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി.

എത്തിച്ചേരാൻ

edit
  1. ദേശീയപാത 17
  2. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ
    1. മംഗലാപുരം - 50 കി.മീ
    2. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 180 കി.മീ, കോഴിക്കോട്
  3. പ്രധാന റെയിൽവേ സ്റ്റേഷനുകൾ
    1. നിലേശ്വരം റെയിൽവേ സ്റ്റേഷൻ
    2. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ
    3. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ

കാണാൻ

edit

ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളും കാസറഗോഡ് ജില്ലയിലുണ്ട്. ബേക്കൽ, ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുള്ള കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലൂടെ ഒഴുകുന്നു. ചന്ദ്രഗുപ്ത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ്‌ ചന്ദ്രഗിരിപ്പുഴയ്‌ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റർ നീളമുള്ള കാര്യങ്കോട് പുഴയാണ്‌ നീലത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്‌ക്കു കുറുകേയാണ്‌. മറ്റുള്ള പുഴകൾ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റർ), ഉപ്പള പുഴ (50 കിലോമീറ്റർ), മൊഗ്രാൽ (34 കിലോമീറ്റർ), ചിത്താരിപ്പുഴ(25 കിലോമീറ്റർ), നിലേശ്വരം പുഴ (47 കിലോമീറ്റർ), കാവായിപ്പുഴ(23 കിലോമീറ്റർ), മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ), കുമ്പള പുഴ(11 കിലോമീറ്റർ), ബേക്കൽ‌ പുഴ(11 കിലോമീറ്റർ) and കളനാട് പുഴ(8 കിലോമീറ്റർ)

ബേക്കൽ കോട്ട

edit
 
ബേക്കൽ കോട്ടയ്ക്കകത്തുള്ള ഒരു കൊത്തളം

അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽകോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. പൂർണമായും ചെങ്കല്ലുകൊണ്ടു നിർമ്മിച്ച കോട്ടയാണിത്. ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബഡ്നൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബഡ്നൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എത്തിച്ചേരാൻ ഏറ്റവും അടുത്തുള്ള പട്ടണം

  1. കാഞ്ഞങ്ങാട് - 12 കിലോമീറ്റർ,
  2. കാസർഗോഡ് - 14 കിലോമീറ്റർ

തീവണ്ടി ഗതാഗതം

  1. പള്ളിക്കര റെയിൽവേ സ്റ്റേഷൻ - എല്ലാ തീവണ്ടികളും പള്ളിക്കരയിൽ നിർത്തുകയില്ല. ഇതൊരു ലോക്കൽ സ്റ്റേഷനാണ്.
  2. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ - ഇവിടെ ഇറങ്ങി ബസ്സ് മാർഗം കോട്ടയിലേക്ക് പോകാവുന്നതാണ്. കാഞ്ഞങ്ങാടു നിന്നും 12 കിലോമീറ്റർ ദൂരം ഉണ്ട് ബേക്കലം കോട്ടയിലേക്ക്.
  3. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ - 16.5 കിലോമീറ്റർ അകലെ ഉള്ള കാസർഗോഡ് ഡെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയും കോട്ടയിലേക്ക് എത്തിച്ചേരാവുന്നതാണ്.

താമസസൗകര്യം

ബേക്കലിന്റെ സമീപപ്രദേശങ്ങളിൽ നിരവധി റിസോർട്ടുകൾ വന്നിട്ടുണ്ട്. എങ്കിലും ചുരുങ്ങിയ ചെലവിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാഞ്ഞങ്ങാട്, കാസർഗോഡ് സിറ്റികളിൽ ഉള്ള ഹോട്ടലുകളെ ആശ്രയിക്കുന്നതായിരിക്കും നല്ലത്.

ഭക്ഷണം

കോട്ട സന്ദർശിക്കാൻ പോകുന്നവർ കൂടുതൽ സമയം അവിടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭക്ഷണം കരുതുന്നത് നല്ലതായിരിക്കും. അടുത്ത് തട്ടുകടകൾ ഉണ്ടെങ്കിലും അവയെ എല്ലായ്പ്പോഴും വിശ്വസിക്കുവാനാവില്ല. ഹോട്ടലുകൾ കോട്ടയുടെ പരിസരപ്രദേശത്ത് കുറവാണ്.

അടുത്തുള്ള സ്ഥലങ്ങൾ

  1. പള്ളിക്കര ബീച്ച്
  2. കാപ്പിൽ ബീച്ച്
  3. ചന്ദ്രഗിരിക്കോട്ട
  4. ഹോസ്ദുർഗ് കോട്ട
  5. മഡിയൻ കൂലോം

അനന്തപുരം തടാകക്ഷേത്രം

edit
 
അനന്തപുര തടാക ക്ഷേത്രം, കാസർഗോഡ്

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്.

എത്തിച്ചേരാൻ

  1. കുംബ്ല റെയിൽവേ സ്റ്റേഷനിൽ നിന്നും 5.5 കിലോമീറ്റർ ദൂരം
  2. കാസർഗോഡ് റെയില്വേസ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് ക്ഷേത്രം
  3. കാഞ്ഞങ്ങാട് റെയിൽവേ ഷേഷനിൽ നിന്നും 36.5 കിലോമീറ്റർ ദൂരം
  4. മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 41 കിലോമീറ്റർ ദൂരം

താമസസൗകര്യം

വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല. താമസിക്കാനുള്ള ലോഡ്ജിങ് സൗകര്യങ്ങൾക്ക് കാസർഗോഡ്, കാഞ്ഞങാട്, മംഗലാപുരം സിറ്റികളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.


മഡിയൻ കൂലോം

edit

കാഞ്ഞങ്ങാടിനടുത്ത് മഡിയനിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ ക്ഷേത്രം. നിരവധി കൊത്തുപണികൾ ഉള്ള ഒരു ക്ഷേത്രമാണിത്. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മസ്ഥലമായ വെള്ളിക്കോത്ത് ഇവിടെ അടുത്തു തന്നെയായി സ്ഥിതിചെയ്യുന്നു.


ചന്ദ്രഗിരിക്കോട്ട

edit

കാസർഗോഡിനടുത്ത് മേൽപ്പറമ്പിൽ ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരി കോട്ട സ്ഥിതിചെയ്യുന്നു. ഭൂരിഭാഗവും തകർന്നുകിടക്കുന്ന ഈ കോട്ട ചന്ദ്രഗിരിപുഴയിലേക്കും അറബിക്കടലിലേക്കും ചുറ്റുമുള്ള തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമായി നിൽക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു.

എത്തിച്ചേരാൻ

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ ആണ്. മേൽപ്പറമ്പിൽ നിന്നും നാലുകിലോമീറ്റർ ദീരമുണ്ട് കാസർഗോഡിന്.


ഹോസ്ദുർഗ് കോട്ട

edit

കാഞ്ഞങ്ങാട് കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. ഹോസെ ദുർഗ്ഗ അഥവാ പുതിയ കോട്ട എന്ന കന്നഡ പദങ്ങളിൽ നിന്നാണ് ഹോസ്ദുർഗ്ഗ് എന്ന പേര് ഉണ്ടായതു തന്നെ. വൃത്താകൃതിയിലുള്ള കൊത്തളങ്ങളുള്ള ഈ കോട്ട ദൂരെ നിന്നു തന്നെ കാണാവുന്ന അത്ര വലുതാണ്. ഇക്കേരി രാജവംശത്തിലെ സോമശേഖര നായിക്ക് ആണ് ഈ കോട്ട നിർമ്മിച്ചത്. നിത്യാനന്ദാശ്രം എന്ന 45 ഗുഹകൾ അടങ്ങുന്ന ആശ്രമം കോട്ടയോട് ചേർന്നു സ്ഥിതി ചെയ്യുന്നു. ബേക്കൽ കോട്ട പോലെ തന്നെ ഹോസ്‌ദുർ‌ഗ് കോട്ടയും ഇക്കേരി രാജാക്കൻ‌മാരുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണെന്നു കരുതി വരുന്നു. ഇക്കേരി സോമശേഖര നായ്‌ക്കിന്റെ രാജകീയപ്രതാപം വെളിപ്പെടുത്തുന്നതാണ്‌ കോട്ടയിലെ ഭീമാകരങ്ങളായ വട്ടത്തൂൺ കൊത്തളങ്ങൾ. ബേക്കൽ കോട്ട പോലെ ചെങ്കല്ലുകൊണ്ട് പണിതീർത്ത കൂറ്റൻ ചുറ്റുമതിലുകൾ ഉള്ളതാണ്‌ ഈ കോട്ടയും. ഏകദേശം 26 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയിൽ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഇന്നും ഉണ്ട്. ഇപ്പോൾ കോട്ടയ്‌ക്കകത്ത് അധികവും സർക്കാർ ഓഫീസുകളാണുള്ളത്.കോടതികൾ, പൊതുമരാമത്ത് ഓഫീസുകൾ, ബ്ലോക്ക് ഓഫീസ് മുതലായവയൊക്കെ അതിൽ പെടുന്നു. കൂടാതെ കുറച്ച് സ്വകാര്യകൈവശഭൂമിയും ഉണ്ട്. പൂങ്കാവനം എന്നറിയപ്പെടുന്ന ഒരു ശിവക്ഷേത്രവും അയ്യപ്പഭജനമന്ദിരവും കോട്ടയ്ക്കകത്തുണ്ട്.

എത്തിച്ചേരാൻ

കാഞ്ഞങ്ങാട് തന്നെയാണു കോട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നോ, ബസ്സ് സ്റ്റാൻഡിൽ നിന്നോ ഓട്ടോയ്ക്ക് പോകാവുന്നതാണ്. കോട്ടച്ചേരിയിൽ നിന്നും നടന്നു പോകേണ്ട ദൂരമേ ഉള്ളൂ.


റാണിപുരം

edit

കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തായ പനത്തടി പഞ്ചായത്തിലാണ് റാണിപുരം എന്ന സ്ഥലം. മുമ്പ് ഇത് മാടത്തുമല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കുടിയേറ്റക്കാരായ ക്രിസ്ത്യാനികളാണ് പേരുമാറ്റി റാണിപുരം എന്നാക്കിയത്. കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. അധികം സഞ്ചാരികൾ എത്തിച്ചേർന്നിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരു ആകർഷണകേന്ദ്രമാണ്‌. ചിത്രശലഭങ്ങളും കിളികളും മലമുകളിൽ ധാരാളമായുണ്ട്. കരിമ്പരുന്ത് (Black eagle), ചുള്ളിപ്പരുന്ത് (Crested serpent eagle), ചെറിയ ചിലന്തിവേട്ടക്കാരൻ (Little spider hunter) എന്നിവ മലമുകളിൽ സാധാരണമാണ്. വേനൽക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് ഇവിടം. കുടിയേറ്റക്കാരായ ക്രിസ്ത്യാനികൾക്കു പുറമേ മറാഠികൾ ആണിവിടെ അധിവസിക്കുന്നവരിലേറെയും. റാണിപുരത്തിന്റെ തൊട്ടുതാഴെ പെരുതടിയിൽ ഉള്ള ക്ഷേത്രം വളരെ പ്രസിദ്ധമാണ്.

എത്തിച്ചേരാൻ

  1. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിലാണു പനത്തടി. പനത്തടി വരെ ബസ്സ് മാർഗം തന്നെ പോകാം. നിരവധി ബസ്സുകൾ ഈ വഴിയിലൂടെ പോകുന്നുണ്ട്. പനത്തടിയിൽ നിന്നും 9.5 കിലോമീറ്റർ പെരുതടി റോഡിലൂടെ സഞ്ചരിച്ചാൽ റാണിപുരം എത്താവുന്നതാണ്.
  2. കാഞ്ഞങ്ങാടു നിന്നും 47 കിലോമീറ്റർ ദൂരമുണ്ട് റാണിപുരത്തേക്ക്.
  3. കർണാടകയിലെ ബാഗമണ്ഡലത്തുനിന്നും 44 കിലോ മീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമായ തലക്കാവേരി ബാഗമണ്ഡലത്താണ്.

ആനന്ദാശ്രമം - മാവുങ്കാൽ

edit

കാസർഗോഡ് ജില്ലയിലെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഈ സ്ഥാപനം സ്ഥാപിച്ചത് 1939-ൽ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും ഏറെ അനുയോജ്യമാണ് ഈ സ്ഥലം. . കാഞ്ഞങ്ങാട് റെയിൽ‌വേ സ്റ്റേഷന് 5 കിലോമീറ്റർ കിഴക്കായി ആണ് ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത്. ആശ്രമത്തിനു കിഴക്കായി മഞ്ഞമ്പൊതിക്കുന്ന് എന്നൊരു കുന്നും ഉണ്ട്. ഭക്തജങ്ങൾ ശാന്തമായ ധ്യാനത്തിനായി ഈ കുന്നിലേയ്ക്കു പോകുന്നു. ഈ കുന്നിൽ നിന്ന് പടിഞ്ഞാറുവശത്തുള്ള പ്രകൃതിസൗന്ദര്യത്തിന്റെ ഒരു നല്ല ദൃശ്യം ലഭിക്കുന്നു. വിശ്വാസികൾ ഈ കുന്നിന്റെ നെറുകവരെ പോയി ഇരുന്ന് മൗനമായി ധ്യാനിക്കുന്നു.

എത്തിച്ചേരാൻ

കാഞ്ഞങ്ങാട് നിന്നും 5 കിലോമീറ്റർ കിഴക്കായാണ് ആശ്രമം സ്ഥിതിചെയ്യുന്നത്. പാണത്തൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകളിൽ കയറി മാവുങ്കാൽ ആശ്രമം സ്റ്റോപ്പിൽ ബസ്സിറങ്ങാവുന്നതാണ്. ഒടയഞ്ചാൽ വഴി കൊന്നക്കാട്, വെള്ളരിക്കുണ്ട് എന്നീ ഭാഗത്തേക്കു പോകുന്ന ബസ്സുകളും ഇതുവഴി കടന്നു പോകുന്നു. എൻ. എച്ച് വഴി കാസർഗോഡേക്ക് പോകുന്ന വാഹനങ്ങലിൽ കയറിയാൽ മാവുങ്കാലിൽ ബസ്സിറങ്ങി ഓട്ടോയ്ക്ക് പോയാലും മതി. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കാഞ്ഞങ്ങാടുതന്നെ.


നിത്യാനന്ദാശ്രമം - കാഞ്ഞങ്ങാട്

edit
 
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ക്ഷേത്രം

കാഞ്ഞങ്ങാടിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ആശ്രമമാണ് നിത്യാനന്ദാശ്രമം. സ്വാമി നിത്യാനന്ദ ആണ് ഈ ആശ്രമം സ്ഥാപിച്ചത്. ആശ്രമത്തിൽ 42 ചെറു ഗുഹകൾ ഉണ്ട്. ഈ ഗുഹകളിൽ ഇരുന്ന് ഭക്തർക്ക് ധ്യാനിക്കാം. ക്ഷേത്രം ഇരിക്കുന്ന ഭാഗത്തിനടിയിലായാണു ഗുഹകൾ സ്ഥിതിചെയ്യുന്നത്. 1963-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു ക്ഷേത്രവും ഇവിടെ ഉണ്ട്. സ്വാമി നിത്യാനന്ദയുടെ പഞ്ചലോഹത്തിൽ നിർമ്മിച്ച ഒരു പൂർണ്ണകായ പ്രതിമയും ഇവിടെ ഉണ്ട്. സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

ഹോസ്ദുർഗ്ഗ് കോട്ടയ്ക്ക് അടുത്തായി 25 ഏക്കർ സ്ഥലത്താണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ഭഗവദ് ഗീതയിൽ നിന്നുള്ള രംഗങ്ങളുടെ ചില മനോഹരമായ ശില്പങ്ങളും ഈ ആശ്രമത്തിൽ ഉണ്ട്.

എത്തിച്ചേരാൻ

പുതിയോട്ടയിൽ നിന്നും നടന്നു പോകേണ്ട ദൂരമേ ഉള്ളൂവെങ്കിലും ഓട്ടോയ്ക്ക് പോകുന്നതാണ് എളുപ്പം.


എടനീർ മഠം

edit

ഗോവിന്ദപ്പൈ മെമ്മോറിയൽ സ്മാരകം

edit

കാഞ്ചൻ‌ജംഗ കലാഗ്രാമം

edit

കോട്ടഞ്ചേരി മലകൾ

edit

മധൂർ ക്ഷേത്രം

edit

മാലിക് ദിനാർ പള്ളി

edit

വീരമല കുന്നുകൾ

edit

വലിയപറമ്പ്‌ ദ്വീപ്

edit

താമസിക്കാൻ

edit

കാഞ്ഞങ്ങാട്, കാസർഗോഡ് എന്നീ പട്ടണങ്ങളിൽ വിവിധ തരത്തിലുള്ള ലോഡ്ജിങ് ഹോട്ടലുകൾ ലഭ്യമാണ്. റെയിൽവേ സ്റ്റേഷൻ അടുത്തുതന്നെ ആയതിനാൽ എത്തിച്ചേരുവാനും എളുപ്പമാണ്. ഉൾനാടൻ പട്ടണങ്ങളിൽ താമസിക്കാനുള്ള ലോഡ്ജിങ് സൗകര്യ തീരെയില്ല.



  ഭാഗമായത്: Wy/ml/കേരളം