Wy/ml/ശബരിമല

< Wy‎ | ml
Wy > ml > ശബരിമല

ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശബരിമല. ഇത് കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് നില കൊള്ളുന്നത്. പമ്പാ തീരം മുതൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനം വരെ ശബരിമലയെന്നാണ് പൊതുവെ അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ ഉയരത്തിലായാണ് ക്ഷേത്രസ്ഥാനം. 18 മലകളിൽ ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയാണ് ശബരിമല എന്നറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ വച്ച് തീർത്ഥാടക സന്ദർശനത്തിൽ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്.

വിശേഷദിവസങ്ങൾ edit

 
2010ലെ ഭക്തജനത്തിരക്ക്

മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദർശനമനുവദിക്കുന്നു.കൂടാതെ മകരം ഒന്നിന് മുമ്പ് 9 ദിവസവും, മേടം ഒന്നിന് മുമ്പ് 4 ദിവസവും എടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌‍ പ്രതിഷ്ഠാദിവസം.

ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്.

മകര വിളക്ക് edit

 
പതിനെട്ടുപടി

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു.

എത്തിച്ചേരാൻ edit

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.

പ്രധാന വഴികൾ edit

 
ശബരീപീഠം
  1. കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; (മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റർ) പമ്പയിൽ നിന്ന് കാൽനടയായി ശബരിമല
  2. എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ - 45 കിലോമീറ്റർ. പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി
  3. വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ. ശേഷം കാൽനടയായി ശബരിമലയിലേക്ക്
  4. വണ്ടിപ്പെരിയാർ മുതൽ കോഴിക്കാനംവരെ 15 കിലോമീറ്റർ; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റർ; ഉപ്പുപാറ മുതൽ ശബരിമല വരെ 3.5 കിലോമീറ്റർ. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).

വിവിധ സ്ഥലങ്ങളിൽ നിന്നും പമ്പയിലേക്കുള്ള ദൂരം (കിലോമീറ്ററിൽ) edit

 
വലിയ നടപ്പന്തൽ
 
ആഴി
  • തിരുവനന്തപുരം : 179
  • കൊല്ലം : 135
  • പുനലൂർ : 105
  • പന്തളം : 85
  • ചെങ്ങന്നൂർ : 89
  • കൊട്ടാരക്കര : 106
  • ഗുരുവായൂർ : 288
  • തൃശ്ശൂർ : 260
  • പാലക്കാട് : 330
  • കണ്ണൂർ : 486
  • കോഴിക്കോട് : 388
  • കോട്ടയം : 123
  • എരുമേലി : 89
  • കുമിളി : 180
  • പത്തനംതിട്ട : 65

പരമ്പരാഗത പാത edit

 
നിലക്കൽ ക്ഷേത്രകവാടം
 
വാവരുടെ പള്ളി

എരുമേലിയിൽ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റർ ദൈർഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര വളരെ രസകരമാണ്. പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയിൽ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയിൽ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂർ തോടിൽ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടർന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക്‌ അഴുതയിൽ നിന്നെടുത്ത കല്ല്‌ ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടർന്ന്‌ ഭക്തർ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട്‌ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

പ്രധാനപ്പെട്ട ഇടത്താവളങ്ങൾ edit

മലയാത്രയ്‌ക്കിടയിൽ അയ്യപ്പന്മാർ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്‌. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്‌ മണ്‌ഡല-മകര വിളക്കു കാലത്ത്‌ അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. വൈക്കം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, നിലയ്‌ക്കൽ മഹാദേവ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമശാസ്‌താക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളങ്ങൾ ആണ്. വിരി വെയ്ക്കാനുള്ള സ്ഥല സൌകര്യവും, കുളിയ്ക്കാനും മറ്റു പ്രാഥമിക കർമ്മങ്ങൾ നിർവഹിയ്ക്കാനും ഉള്ള സൌകര്യങ്ങളും ആണ് പ്രധാനമായും ഭക്തരെ ഇവിടങ്ങളിലേയ്ക്ക് ആകർഷിക്കുന്നത്. വൈക്കം മുതലായ മഹാ ക്ഷേത്രങ്ങളിൽ പതിവുള്ള അന്നദാനത്തിനു പുറമേ, ശബരിമല തീർത്ഥാടന കാലത്ത് മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പ ഭക്തരെ ഉദ്ദേശിച്ച് അന്നദാനം നടത്തുന്നു.

  ഭാഗമായത്: Wy/ml/പത്തനംതിട്ട