Wy/ml/പാലാ

< Wy‎ | ml
Wy > ml > പാലാ

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂർ , ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു

പാലാ നഗരം, അരികിലൂടെ ഒഴുകുന്നത് മീനച്ചിലാർ

മനസ്സിലാക്കാൻ edit

ളാലം എന്ന പേരിലാണു ഈ പ്രദേശം പഴയ ഭൂരേഖകളിൽ വിവക്ഷിക്കപ്പെടുന്നത്. പാലാ നഗരസഭയിൽ 23 വാർഡുകളുണ്ട്. അരുണാപുരം, ഊരാശാല, കടപ്പാട്ടൂർ, വെള്ളാപ്പാട്, കാണിയക്കാട്, മുരിക്കുമ്പുഴ, ചെത്തിമറ്റം, മുണ്ടുപാലം, കാനാട്ടുപാറ, കിഴതടിയൂർ, മൂന്നാനി എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. സ്ത്രീപുരുഷ അനുപാതം 1013:1000 ആണ്. 96 ശതമാനം ജനങ്ങളും സാക്ഷരരാണ്.

ഭൂപ്രകൃതി edit

കുന്നുകളും ചെരിവുകളും സമതലങ്ങളും ഇടകലർന്നതാണ് പാലായുടെ ഭൂപ്രകൃതി. താഴ്ന്ന പ്രദേശങ്ങൾ മീനച്ചിലാറ്റിലെ വെള്ളപ്പൊക്കക്കാലത്ത് മുങ്ങിപ്പൊകാറുണ്ട്. ഫലഭൂയിഷ്ടമായ പശിമരാശി കലർന്ന മണ്ണും ചെങ്കൽമണ്ണും എക്കൽ മണ്ണും ചുണ്ണാമ്പ് മണ്ണും ഇവിടെ കാണപ്പെടുന്നു. മീനച്ചിലാറും ളാലം തോടും മീനച്ചിൽ തോടും മൂന്നാനി തോടും ഇടപ്പാടി തോടും വെള്ളാപ്പാട് തോടും പുലിയന്നൂർ തോടുമാണു പ്രധാന ജലസ്രോതസ്സുകൾ. പ്രതിവർഷം ശരാശരി 2840 മി മി മഴ ഇവിടെ ലഭിക്കാറുണ്ട്.

എത്തിച്ചേരാൻ edit

വിമാനമാർഗ്ഗം edit

തൊട്ടടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലാണ്. (71 കിലോമീറ്റർ)

റെയിൽമാർഗ്ഗം edit

തൊട്ടടുത്ത തീവണ്ടി നിലയം കോട്ടയത്ത് സ്ഥിതി ചെയ്യുന്നു. (26 കിലോമീറ്റർ)

റോഡ്‌മാർഗ്ഗം edit

പാലാ വലിയപാലം നഗരത്തിന്റെ ഇരുകരകളെയും ബന്ധിക്കുന്നു.ഏറ്റുമാനൂർ - ഈരാറ്റുപേട്ട, പുനലൂർ - മൂവാറ്റുപുഴ എന്നീ സംസ്ഥാന പാതകൾ പാലാ വഴി കടന്നു പോകുന്നു. ഇവ കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചു വരുന്നു.സമീപനഗര‍ങ്ങളായ കോട്ടയം, തൊടുപുഴ, വൈക്കം, ചങ്ങനാശേരി, എറണാകുളം, കട്ടപ്പന എന്നിവിടങ്ങളിലേക്കും തിരുവനന്തപുരം, ആലപ്പുഴ, കുമളി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു മുതലായ ദൂരസ്ഥലങ്ങളിലേക്കും ബസ് സർവ്വീസുകൾ ലഭ്യമാണ്.

എരുമേലി, ശബരിമല, ഭരണങ്ങാനം, രാമപുരം എന്നീ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും പ്രമുഖ വിനോദകേന്ദ്രമായ വാഗമണ്ണിലേക്കും പാലാ വഴിയാണ് പല സഞ്ചാരികളും കടന്നുപോകുന്നത്. കയറ്റിറക്കങ്ങളുള്ള ഭൂപ്രകൃതി സുഗമമായ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്നു. നിർദ്ദിഷ്ഠ അങ്കമാലി - അഴുത തീവണ്ടിപ്പാതയും മീനച്ചിലാറിന്റെ തെ‍ക്കേക്കരയിലൂടെ വിഭാവനം ചെയ്യുന്ന ചേർപ്പുങ്കൽ-ഭരണങ്ങാനം പാതയും പണി നടക്കുന്ന കടപ്പാട്ടൂർ പാലവും പുതിയ ഗതാഗതസാധ്യതകൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ edit

പാലായിലെ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് ഇവിടുത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജും,അൽഫോൻസാ കോളേജും കാനാട്ടുപാറയിലുള്ള സർക്കാർ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക മികവിന് പേരെടുത്തവയാണ്. ജിമ്മി ജോർജ്, ഷൈനി ഏബ്രഹാം, വിത്സൺ ചെറിയാൻ മുതലായ കായികതാരങ്ങൾ ‍ പാലായിലെ കലാലയങ്ങളിൽ പരിശീലിച്ചവരാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ‍കെ.ജി. ബാലകൃഷ്ണന്റെ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പാലാ സെന്റ് തോമസ് കോളജിലായിരുന്നു.

ആരാധനാലയങ്ങൾ edit

ളാലം മഹാദേവ ക്ഷേത്രം, കടപ്പാട്ടൂർ ശിവക്ഷേത്രം, മുരിക്കുമ്പുഴ ദേവീക്ഷേത്രം,പുലിയന്നൂർ മഹാദേവക്ഷേത്രം, സെന്റ് തോമസ് കത്തീദ്രൽ, ളാലം നിത്യസഹായ മാതാവിന്റെ പള്ളി, ളാലം സെന്റ് ജോർജ് പുത്തൻ പള്ളി, അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി, കിഴതടിയൂർ സെന്റ് ജൂഡ് പള്ളി, അരുണാപുരം സെന്റ് തോമസ് പള്ളി മുതലായവയാണു പ്രധാന ആരാധനാലയങ്ങൾ. പാലാ സുറിയാനി കത്തോലിക്കരുടെ ഒരു രൂപതയുടെ ആസ്ഥാനമാണ്.

  ഭാഗമായത്: Wy/ml/കോട്ടയം