Wy/ml/തൂത്തുക്കുടി

< Wy‎ | ml
Wy > ml > തൂത്തുക്കുടി

തമിഴ്‌നാട്ടിലെ ഒരു തുറമുഖ പട്ടണവും തൂത്തുക്കുടി ജില്ലയുടെ ആസ്ഥാനവുമാണ് തൂത്തുക്കുടി . മുൻ ചിദംബരനാർ ജില്ലയുടെ ആസ്ഥാന പട്ടണമായിരുന്ന തൂത്തുക്കുടി മന്നാർ ഉൾക്കടൽ തീരത്തെ ഒരു തുറമുഖ പട്ടണം എന്ന നിലയിലാണ് പ്രസിദ്ധമായിട്ടുള്ളത്. തമിഴ്നാട്ടിലെ ഒരു പ്രധാന തീരദേശ ഗതാഗത-വാണിജ്യ-മത്സ്യബന്ധന കേന്ദ്രം എന്ന നിലയിലും തൂത്തുക്കുടി ശ്രദ്ധേയമാണ്.


തമിഴ്നാട്ടിലെ രണ്ടാമത്തെ പ്രധാന തുറമുഖമാണ് തൂത്തുക്കുടി. ഇന്ത്യയുടെ തെക്കേ അറ്റത്ത്, പശ്ചിമ-പൂർവ ദേശങ്ങളിലേക്കുള്ള വാണിജ്യ പാതയിൽ, ചെന്നൈയിൽ നിന്ന് 540 കി.മീ. തെക്ക് പടിഞ്ഞാറ് അക്ഷാശം 8º45' വടക്ക് രേഖാംശം 78º13' കി. ആയി സ്ഥിതി ചെയ്യുന്നു. 1974 ജൂലായ് 11-ന് ഇന്ത്യയിലെ പത്താമത്തെ പ്രധാന (major) തുറമുഖമായി പ്രഖ്യാപിക്കപ്പെട്ട തൂത്തുക്കുടി നാവികഗതാഗത - വ്യാവസായിക രംഗങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.

ടോളമിയുടെ ലിഖിതങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സോസി- കുറൈ (Sosi-Kourai) പില്ക്കാലത്ത് തൂത്തുക്കുടി ആയി പരിണമിച്ചെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. 7-9 ശതകങ്ങളിൽ പാണ്ഡ്യ രാജാക്കന്മാരുടേയും തുടർന്ന് ചോളരാജാക്കന്മാരുടേയും അധീനതയിലായ തൂത്തുക്കുടി 1649-ൽ ഡച്ചു ഭരണത്തിൻ കീഴിലായി. 1825 ജൂണിൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തൂത്തുക്കുടിയുടെ അധികാരം പിടിച്ചെടുത്തു. ചോളമണ്ഡലതീരത്തെ മറ്റു തുറഖമുഖങ്ങളെ അപേക്ഷിച്ച് തൂത്തുക്കുടി തുറമുഖത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കിയ ബ്രിട്ടീഷുകാർ 1842-ൽ ഇവിടെ ഒരു ദീപസ്തംഭം പണികഴിപ്പിക്കുകയും 1868-ൽ തുറമുഖവികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് 1873, 87, 94 എന്നീ വർഷങ്ങളിൽ തുറമുഖത്തിന്റെ അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടായി.

1914-ഓടെ തൂത്തുക്കുടിയിൽ ആഴക്കടൽ തുറമുഖം സ്ഥാപിക്കുവാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. എന്നാൽ ഒന്നാം ലോകയുദ്ധം തുറമുഖത്തിന്റെ വികസന പദ്ധതികൾക്ക് വിഘാതം സൃഷ്ടിച്ചു. 1920-ൽ വികസനപദ്ധതി പുനരുദ്ധരിക്കാൻ ശ്രമം നടന്നെങ്കിലും 1947 വരെ കാര്യമായ വികസനമുണ്ടായില്ല. 1955-ൽ ഭാരത സർക്കാർ തൂത്തുക്കുടി തുറമുഖ വികസനത്തിനായി 'സേതു സമുദ്രം' കമ്മിറ്റിയെ നിയോഗിച്ചു. തുടർന്ന് പല ഘട്ടങ്ങളിലായി നടന്ന വികസന പ്രവർത്തനങ്ങൾക്കൊടുവിൽ 1964 ന.5-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി തുറമുഖത്തിന്റെ നിർമ്മാണ-വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 1974-ൽ തൂത്തുക്കുടി എന്ന മേജർ തുറമുഖം യാഥാർഥ്യമായി.

സംസ്ഥാനത്തെ മറ്റ് എല്ലാ നഗരങ്ങളുമായും വാണിജ്യ കേന്ദ്രങ്ങളുമായും തൂത്തുക്കുടി പട്ടണത്തെ റോഡുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. തൂത്തുക്കുടിയിൽനിന്ന് ചെന്നൈ, ഈറോഡ്, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് റെയിൽ ഗതാഗതവും നിലവിലുണ്ട്. തൂത്തുക്കുടിയിൽ ഒരു വിമാനത്താവളവുമുണ്ട്.

ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ആഴക്കടൽ മത്സ്യബന്ധന കേന്ദ്രം കൂടിയാണ് തൂത്തുക്കുടി. ഏകദേശം 140 കി.മീ. ദൈർഘ്യമുള്ള തീരപ്രദേശം തൂത്തുക്കുടിയുടെ പ്രത്യേകതയാണ്. ചെമ്മീനാണ് മുഖ്യ കയറ്റുമതി ഉത്പന്നം. തമിഴ്നാട് സംസ്ഥാന മത്സ്യബന്ധന വകുപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്.

തൂത്തുക്കുടിയിലെ വ്യവസായങ്ങളിൽ തുണിമില്ലുകൾക്കാണ് മുഖ്യ സ്ഥാനം. വളം, ഉപ്പ്, രാസവസ്തുക്കൾ എന്നിവയുടെ ഉത്പാദനം, മത്സ്യം, തേയില, കാപ്പി തുടങ്ങിയവയുടെ സംസ്കരണം എന്നിവയ്ക്കും പ്രാമുഖ്യമുണ്ട്. വ്യാവസായികോത്പന്നങ്ങളിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നു. കാർഷിക വിളകളിൽ തിന, ചോളം തുടങ്ങിയവയാണ് കൂടുതലുള്ളത്. മുമ്പ് മുത്തും ശംഖും ഇവിടെനിന്ന് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. നിരവധി വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

1540-ൽ പോർച്ചുഗീസുകാരാണ് തൂത്തുക്കുടി പട്ടണം സ്ഥാപിച്ചത്. തുടർന്ന് ഡച്ച് അധീനതയിലായ ഈ പ്രദേശം പിന്നീട് ബ്രിട്ടിഷ് ഭരണത്തിൻ കീഴിലാവുകയും സ്വാതന്ത്ര്യാനന്തരം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.