കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം.
പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ പൗർണമി ദിവസങ്ങളിൽ ആണ് ബലി ഇടുക.
ഭൂപ്രകൃതി
editഈ ക്ഷേത്രത്തിൽ നിന്ന് അൽപം അകലെയാണ് പാപനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.
ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസർവിന്റെ ഒരു പ്രധാന ഭാഗം ആണ്. നാനാവിധത്തിലുള്ള സസ്യ-ജീവിജാലങ്ങളെ ഇവിടെ കാണാം.
സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്. കടൽനിരപ്പിൽ നിന്നും 1740 മീറ്റർ ഉയരമുള്ള ഇവിടെ എത്തുവാൻ കേരള വനം വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.
എത്തിച്ചേരാനുള്ള വഴി
editമാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്, 138 കിലോമീറ്റർ അകലെ.
- ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്റർ ആണ് ഇവിടേയ്ക്ക് ഉള്ള ദൂരം.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,കോഴിക്കോട്. 166 കിലോമീറ്റർ അകലെ.