Wy/ml/താജ്‌ മഹൽ

< Wy‎ | ml
Wy > ml > താജ്‌ മഹൽ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ (pronounced /tɑdʒ mə'hɑl/ ---- ഹിന്ദി: ताज महल; പേർഷ്യൻ/ഉർദു: تاج محل) ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി

താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു. സമർകണ്ടിലെ ഗുർ-ഏ-അമീർ എന്ന കെട്ടിടം , ഹുമയൂണിന്റെ ശവകുടീരം (ചിലപ്പോൾ ചെറിയ താജ് എന്നും അറിയപ്പെടുന്നു), ഡെൽഹിയിലെ ഷാജഹാന്റെ സ്വന്തം ജുമാ മസ്ജിദ് എന്നിവയിൽ നിന്നും വാസ്തുവിദ്യ പ്രചോദനങ്ങൾ ഉൾകൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗൾ കെട്ടിടങ്ങൾ എല്ലാം തന്നെ ചുവന്ന മണൽക്കല്ലിലാണ്‌ പണിതിരുന്നത്. പക്ഷേ, ഷാജഹാൻ താജ് മഹൽ പണിയുന്നതിന് വെണ്ണക്കൽ തന്നെ കൂടാതെ വിലപിടിപ്പുള്ള മറ്റുചില കല്ലുകൾ എന്നിവ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മറ്റ് മുഗൾ കാലഘട്ടത്തെ കെട്ടിടങ്ങളേക്കാളും താജ് മഹലിന് ഒരു പ്രത്യേക ആകർഷണം തന്നെ ഉണ്ടാവുകയായിരുന്നു.

മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോർ ലവേഴ്സ് ഗിഫ്റ്റ് എന്ന ഒരു കവിതയെഴുതിയിട്ടുണ്ട്

താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങൾ എല്ലാം കൃത്യമായി ആനുപാതികമായിട്ടാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ചും, കുമ്മായചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാർബിളിൽ കൊത്തിയുമാണ് ചെയ്തിരിക്കുന്നത്. ഇസ്ലാം മതത്തിന്റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങൾ പ്രധാനമായും ചെയ്തിരിക്കുന്നത് കൈയക്ഷരങ്ങൾ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്.